Please or Register to create posts and topics.

മൗനത്തിന്റെ മറുപടി

2009 ലാണ് ഞാൻ ഗുരുവിനെ ആദ്യമായി കാണുന്നത്. തിരുവനന്തപുരത്തു നിന്നും വാങ്ങിയ ദർശനമാലയുടെയും വേദാന്തസൂത്രത്തിന്റെയും വ്യാഖ്യാനങ്ങളുടെ ഉള്ളിൽ കണ്ട മേൽവിലാസത്തിൽ നിന്നാണ് ഗുരുകുലത്തെക്കുറിച്ച് അറിയുന്നത്. എന്നാൽ ഈ പുസ്തകങ്ങൾ എഴുതിയ ആൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല. അങ്ങനെയിരിക്കെയാണ്, സ്വാമി സുധാകര സൗകുമാര്യ ഞാൻ വർക്കല ബീച്ചിൽ നടത്തിയിരുന്ന ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്ന ഒരു ഫ്രഞ്ച് വനിതയോടൊപ്പം എന്റെ അടുത്തെത്തുന്നത്. സ്വാമിയുമായി പരിചയപ്പെട്ടപ്പോഴാണ് അദ്ദേഹം ഗുരുകുല അന്തേവാസിയാണെന്ന് മനസ്സിലായത്. സ്വാമി മുനി നാരായണ പ്രസാദ് എന്ന ആളെക്കുറിച്ച് അറിയണമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ സ്വാമി പറഞ്ഞു: "അദ്ദേഹം ഗുരുകുലത്തിൽ ജീവിച്ചിരിപ്പുണ്ട്, അവിടെ നേരിട്ട് പോയി കണ്ട് മനസ്സിലാക്കിക്കൊള്ളൂ."

വാസ്തവത്തിൽ അത് എന്നെ ഞെട്ടിച്ചുകളഞ്ഞു. കാരണം, ഞാൻ അന്ന് വായിച്ചുകൊണ്ടിരുന്ന പുസ്തകങ്ങളിൽ ഒട്ടുമിക്കതും സമാധി പ്രാപിച്ച ഗുരുക്കന്മാരുടേതായിരുന്നു. സ്വാമി മുനി നാരായണ പ്രസാദും അതുപോലെ തന്നെയായിരിക്കും എന്നൊരു വിചാരം എന്റെ ഉള്ളിൽ കയറിക്കൂടിയിരുന്നു. ഞാൻ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നതും ആസ്വദിക്കുന്നതുമായ ഒരു പുസ്തകത്തിന്റെ രചയിതാവ്, ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്നും വെറും മൂന്ന് കിലോമീറ്റർ മാത്രം അകലെയുണ്ടെന്നറിഞ്ഞപ്പോൾ വാസ്തവത്തിൽ ഞാൻ അത്ഭുതപ്പെട്ടുപോയി. പിറ്റേദിവസം തന്നെ ഞാൻ ഗുരുകുലത്തിൽ എത്തി.

എന്റെ കൈവശം ഗുരു എഴുതിയ ദർശനമാലയുടെയും വേദാന്തസൂത്രത്തിന്റെയും ഇംഗ്ലീഷ്, മലയാളം വ്യാഖ്യാനങ്ങൾ ഉണ്ടായിരുന്നു. ഗുരുകുലത്തിൽ ആദ്യമായാണ് വരുന്നതെങ്കിലും ഈ പുസ്തകങ്ങൾ കയ്യിൽ കണ്ട് ഗുരു ചോദിച്ചു: "ഇയാൾ എവിടെ നിന്നാണ് ഇത് വാങ്ങിയത്?" 'പ്രഭുസ് ബുക്സ്' എന്ന് ഞാൻ ഉത്തരം പറഞ്ഞു. അത് ഗുരുവിൽ വലിയ സന്തോഷമുണ്ടാക്കി. ഗുരുകുലത്തിലെ പുസ്തകങ്ങൾ ആവശ്യമുള്ള ആളുകളുടെ കൈകളിൽ എത്തുന്നുണ്ടല്ലോ എന്ന ചിന്തയായിരുന്നു ആ സന്തോഷത്തിന് പിന്നിൽ. ഞങ്ങളുടെ സംഭാഷണം തുടർന്നു. "ദർശനമാല പഠന ക്ലാസുകൾ ഇവിടെ നടക്കുന്നുണ്ടോ? എനിക്ക് അത് പഠിക്കണം," എന്ന് ഞാൻ പറഞ്ഞു. "അതെല്ലാം ഞാൻ പലതവണ പഠിപ്പിച്ചു കഴിഞ്ഞതാണ്, ഇനി സ്വന്തമായി വായിച്ചു പഠിക്കൂ," എന്ന് ഗുരു മറുപടി നൽകി. മാത്രമല്ല, സ്നേഹപൂർവ്വം ആ പുസ്തകങ്ങളിൽ ഒപ്പുചാർത്തി തരികയും ചെയ്തു.

പിന്നീടുള്ള രണ്ടു വർഷം ഈ പുസ്തകങ്ങൾ നിരവധി തവണ ഞാൻ വായിക്കുകയുണ്ടായി. അതിനിടയിൽ സുധാകര സ്വാമി ഗസ്റ്റ് ഹൗസിലെ ഒരു സ്ഥിരം സന്ദർശകനായി മാറിയിരുന്നു. സ്വാമി എന്നെ ഹോമം പഠിപ്പിക്കുകയും ജ്ഞാനമാർഗ്ഗത്തിൽ ഒരുപാട് പ്രോത്സാഹനം നൽകുകയും ചെയ്തു. അങ്ങനെയിരിക്കെയാണ്, സുധാകര സ്വാമി വീണ്ടും 2011-ലെ കൺവെൻഷൻ നോട്ടീസുമായി വരുന്നത്. കൺവെൻഷനിൽ ഗുരു എടുത്ത എല്ലാ ക്ലാസ്സുകളും ഞാൻ ഏറെ ശ്രദ്ധയോടെ കേട്ടു. ഈ ഏഴു ദിവസങ്ങൾക്കിടയിൽ വീണ്ടും ഞാൻ ഗുരുവിനോട് ചോദിച്ചു: "ദർശനമാല പഠിപ്പിക്കുമോ?" ഗുരു ഒന്നും മിണ്ടിയില്ല. പക്ഷേ, 28-ാം തീയതിയിലെ ക്ലാസിനു ശേഷം എല്ലാവർക്കുമായി ഗുരു ഒരു അറിയിപ്പ് നൽകി: "അടുത്ത ആഴ്ച മുതൽ എല്ലാ ശനിയും ഞായറും ദർശനമാല ക്ലാസ് ഉണ്ടായിരിക്കുന്നതാണ്."

അന്നു മുതൽ മൂന്നുമാസം ഞാൻ ദർശനമാല ക്ലാസിൽ പങ്കെടുത്തു. പിന്നീട് ദിവസവും ഗുരുകുലത്തിലെ സായാഹ്ന ക്ലാസുകളിലും പങ്കെടുക്കാൻ തുടങ്ങി. 2012 അവസാനിക്കാറായപ്പോഴേക്കും ഞാൻ ഗസ്റ്റ് ഹൗസ് ഉപേക്ഷിച്ചു. 2013-ൽ ഗുരുവിനോടൊപ്പം ചേർന്നു. ഗുരുവിന്റെ മുറിയിൽ ഒരു പ്രധാന സഹായിയായി കൂടി, രാവും പകലും വേദാന്തവിചിന്തനത്തിൽ മുഴുകി. നടരാജഗുരു ദർശനമാലയ്ക്ക് എഴുതിയ ബൃഹത് വ്യാഖ്യാനമായ 'ആൻ ഇന്റഗ്രേറ്റഡ് സയൻസ് ഓഫ് ദി അബ്സല്യൂട്ട്' (An Science of the Absolute) എന്ന ഗ്രന്ഥത്തിന്റെ തർജ്ജമ ആ സമയത്താണ് ഗുരു ആരംഭിച്ചത്. അതോടെ ദർശനമാല എന്ന അത്ഭുത കൃതിയുടെ പഠനം അതിന്റെ ഉച്ചസ്ഥായിയിലേക്ക് മാറി എന്നു പറയാം; അത് ഇപ്പോഴും തുടരുന്നു.

"ദർശനമാല പഠിപ്പിക്കുമോ" എന്ന് ചോദിച്ചപ്പോൾ ഗുരു കൃത്യമായ ഒരു മറുപടി തരാതെയിരുന്നതിന്റെ കാരണവും പിന്നീട് എനിക്ക് മനസ്സിലായി. ആർക്കും ഒരിക്കലും പഠിച്ചു തീർക്കാൻ പറ്റാത്തത്ര ആഴമുള്ള ഒരു കൃതിയാണ് ദർശനമാല എന്നതാണ് അതിന്റെ യഥാർത്ഥ ഉത്തരം.

Vatsa, Ayyappa Senan and 2 other users have reacted to this post.
VatsaAyyappa SenanBeeja MadhuReshma Reveendran
Link copied to clipboard.